ലഹരിക്ക് അടിമപ്പെട്ടവർക്ക് നിർബന്ധിത ചികിത്സ നൽകാൻ അനുവദിക്കുന്ന പുതിയ നിയമം സസ്‌കച്ചെവൻ സർക്കാർ അവതരിപ്പിച്ചു. 'കംപാഷനേറ്റ് ഇൻ്റർവെൻഷൻ ആക്റ്റ്' (Compassionate Intervention Act) എന്ന് പേരിട്ടിരിക്കുന്ന ഈ ബിൽ, സ്വന്തമായി ചികിത്സ തേടാൻ കഴിയാത്തവരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ലഹരിക്ക് അടിമകളായവർക്ക് സുരക്ഷിതത്വത്തിലേയ്ക്കൊരു തിരിച്ചുവരവ് ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രീമിയർ സ്കോട്ട് മോ അഭിപ്രായപ്പെട്ടു. ശീതകാല നിയമസഭാ സമ്മേളനത്തിൻ്റെ അവസാന ദിവസമാണ് ബിൽ അവതരിപ്പിച്ചത്. അടുത്ത വർഷം ഇത് പാസാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പുതിയ നിയമം അനുസരിച്ച് ലഹരിക്ക് അടിമകളായവരെ പോലീസ്, ഡോക്ടർമാർ, അല്ലെങ്കിൽ ജഡ്ജിയുടെ ഉത്തരവ് വഴിയോ ഒരു ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും. കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ കഴിയാത്തവർക്കും ഗുരുതരമായ അപകടസാധ്യതയുള്ളവർക്കും മാത്രമേ ഇത് ബാധകമാകൂ എന്ന് മാനസികാരോഗ്യ-അഡിക്ഷൻ മന്ത്രി ലോറി കാർ പറഞ്ഞു. നേരത്തെ നിശ്ചയിച്ച 500 റിക്കവറി ബെഡുകളിൽ 281 എണ്ണം പ്രവിശ്യ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. നിർബന്ധിത ചികിത്സയ്ക്കായി കൂടുതൽ ബെഡുകൾ കൂട്ടിച്ചേർക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ചില ചികിത്സാ സൗകര്യങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ വഴിയും നടത്താൻ സാധ്യതയുണ്ട്.
ഈ നിയമം സ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനുമുള്ള അവകാശങ്ങളെ മാനിക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രി ടിം മക്ലിയോഡ് വ്യക്തമാക്കി. പ്രതിപക്ഷമായ എൻ.ഡി.പിയയും തത്വത്തിൽ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ നിലവിൽ സഹായം തേടുന്ന ആളുകൾക്ക് ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നതിന് പുതിയ ബിൽ തടസ്സം സൃഷ്ടിക്കുമോ എന്ന ആശങ്കയും അവർ പങ്കുവെച്ചു.